ഇനിമുതൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഗ്രേഡിനൊപ്പം മാർക്കും ചേർത്തേക്കും; സർക്കാർ തീരുമാനം ഉടൻ
തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ മാർക്ക് കൂടി ചേർക്കാനുള്ള നീക്കവുമായി സർക്കാർ. ഫലപ്രഖ്യാപനത്തിനൊപ്പം മാർക്ക് മാർക്ക് ലിസ്റ്റ് കൂടി നൽകുന്നതും സർക്കാർ പരിഗണനയിലുണ്ട്. ഈ വർഷം തന്നെ ഇത് നടപ്പിലാക്കാൻ കഴിയുമോ എന്നും സർക്കാർ ആലോചിക്കുന്നുണ്ട്.
സർട്ടിഫിക്കറ്റിൽ മാർക്ക് ചേർക്കണം എന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥിനിയുടെ ഹർജിയിൽ ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നീക്കം. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
നിലവിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഗ്രേഡ് മാത്രമാണ് രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം വിദ്യാർത്ഥികളുടെ മാർക്ക് കൂടി രേഖപ്പെടുത്തണം എന്ന ആവശ്യത്തിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.
എസ്എസ്എൽസി പരീക്ഷാഫലം ഈ മാസം 20നും പ്ലസ്ടു ഫലം 25നും പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഹയർ സെക്കൻഡറി അഡ്മിഷനുള്ള തയ്യാറെടുപ്പുകൾ 27ന് മുമ്പ് പൂർത്തീകരിച്ച് 31ന് വിദ്യാഭ്യാസ ഓഫീസർമാർ റിപ്പോർട്ട് നൽകണം.
142.58 കോടി രൂപ ചെലവിൽ നിർമ്മിച്ച 96 പുതിയ സ്കൂൾ കെട്ടിടങ്ങൾ 23ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ധർമ്മടം ജിഎച്ച്എസിലാണ് സംസ്ഥാനതല ഉദ്ഘാടനം. ഏഴ് വർഷംകൊണ്ട് 3000 കോടിയോളം രൂപ സ്കൂൾ കെട്ടിടങ്ങൾക്കായി വിനിയോഗിച്ചു. സ്കൂൾ കാമ്പസ് വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ മറ്റൊന്നിനും വിട്ടുകൊടുക്കരുതെന്നും വിദ്യാർത്ഥികളെ മറ്റൊരു പരിപാടികൾക്കും പങ്കെടുപ്പിക്കാൻ അയയ്ക്കരുതെന്നും കർശന നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.