ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ കാറിടിച്ച് പരുക്കേറ്റ നവവധു മരിച്ചു, ഭര്‍ത്താവ് ഗുരുതരാവസ്ഥയിൽ
കാസര്‍കോട്: സ്കൂട്ടറില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നവവധു മരിച്ചു. പന്നിപ്പാറയിലെ അബ്ദുര്‍ റഹ്മാന്റെ മകന് അസീസി (29)ന്റെ ഭാര്യ ഉപ്പളയിലെ ഖദീജ (24)യാണ് മംഗളൂരു ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയോടെ മരണത്തിനു കീഴടങ്ങിയത്. ഗുരുതരമായി പരിക്കേറ്റ അസീസ് മംഗളുരു ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ ദേശീയപാതയില്‍ മൊഗ്രാല്‍ പുത്തൂരിലാണ് അപകടം. ഉപ്പളയിലെ യുവതിയുടെ വീട്ടില്‍ നിന്നും പന്നിപ്പാറയിലെ അസീസിന്റെ വീട്ടിലേക്ക് സ്കൂട്ടറില്‍ വരുന്നതിനിടെ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും എത്തിച്ചു. ഒരാഴ്ച മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. അപകടത്തിനിടയാക്കിയ കാര്‍ കാസര്‍കോട് ടൗണ്‍ പൊലീസിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു.