പതിനേഴുകാരിയുടെ അസ്വാഭാവിക മരണം അന്വേഷിക്കണം; പെണ്‍കുട്ടിക്ക് നീതി കിട്ടിയേ തീരൂ..കെ.ടി ജലീല്‍
തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയില്‍ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അസ്വാഭാവികത അന്വേഷിക്കണമെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. അല്‍ അമാന്‍ എഡ്യുക്കേഷണില്‍ പഠിച്ചിരുന്ന പതിനേഴുകാരിയുടെ അസ്വാഭാവിക മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതി ഗൗരവമേറിയതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പെണ്‍കുട്ടിക്ക് നീതി കിട്ടിയേ തീരൂവെന്നും ഇതേ കുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.സ്ഥാപന നടത്തിപ്പുകാര്‍ക്കോ ഹോസ്റ്റല്‍ വാര്ഡന്മാര്ക്കോ ഏതെങ്കിലും അധ്യാപികാധ്യാപകര്ക്കോ പെണ്‍കുട്ടിയുടെ മരണത്തില്‍ പങ്കുണ്ടെങ്കില്‍ നിയമം അനുവദിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ അവര്‍ക്ക് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മതപഠനമുള്പ്പെടെ ഏത് പഠനത്തിനായാലും അതിന് താല്പര്യമുളള കുട്ടികളെ മാത്രമേ രക്ഷിതാക്കള്‍ പറഞ്ഞയക്കാവൂ. സ്ഥാപന നടത്തിപ്പുകാരും ഇക്കാര്യം ശ്രദ്ധിക്കണം. റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ മൂന്നുമാസത്തിലൊരിക്കല്‍ കുട്ടികള്‍ക്ക് കൗണ്‍സിലിങിന് അധികൃതര്‍ അവസരമൊരുക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
ശനിയാഴ്ച രാത്രിയാണ് ബാലരാമപുരത്തെ അല്‍ അമന് എഡുക്കേഷനല്‍ കോപ്ലക്സ് എന്ന മത പഠന സ്ഥാപനത്തിലെ ലൈബ്രറിയില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷമായി ഇവിടെ നിന്ന് പഠിക്കുകയാണ് പെണ്‍കുട്ടി. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്നാണ് നിഗമനം.
അതേസമയം, പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.