‘ഡോ.വന്ദനാ ദാസിന് നീതി ഉറപ്പാക്കണം, ആരോഗ്യമന്ത്രി രാജി വയ്ക്കണം’; മഹിളാ കോൺഗ്രസിന്റെ ഉപവാസ സമരം തുടങ്ങി
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നടത്തുന്ന ഉപവാസ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഇന്ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചിരിക്കുന്നത്. മഹിളാ കോൺഗ്രസിന്റെ മറ്റ് സംസ്ഥാന ഭാരവാഹികളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ഉൾപ്പെടെ ആരോഗ്യ മേഖലയിലുള്ളവർ നേടിരുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനാവശ്യമായ നിയമനടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് മഹിളാ കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം. ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സമരം ചെയ്യുന്നതെന്ന് ജെബി മേത്തർ വ്യക്തമാക്കി. ഡോ.വന്ദനയ്ക്ക് എക്സ്പീരിയൻസ് കുറവാണെന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പരാമർശത്തിൽ കേരളത്തെയാകെ ഞെട്ടിച്ചെന്നും മന്ത്രി രാജിവയ്ക്കണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.
അതേസമയം, പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. പ്രതിയ്ക്ക് വേണ്ടി പ്രൊഡക്ഷൻ വാറണ്ട് കഴിഞ്ഞദിവസം പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര കോടതി പ്രതിയെ നേരിട്ട് ഹാജരാക്കാൻ നിർദേശം നൽകുകയായിരുന്നു.