ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നാം തവണയും ഭരണ തുടര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്ന അരവിന്ദ് കെജ്രിവാളിനെയും ദല്‍ഹി ജനതയേയും അഭിന്ദിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിനും അക്രമത്തിനും ദല്‍ഹി അര്‍ഹിക്കുന്ന മറുപടി നല്‍കിയെന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.
ആം ആദ്മി പാര്‍ട്ടിക്ക് ഭരണതുടര്‍ച്ച നല്കാന് തീരുമാനിച്ച ദല്‍ഹി ജനതയെ അഭിനന്ദിച്ച് പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ സഹായിച്ച രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാന്‍ ഒറ്റകെട്ടായി നിന്ന ദല്‍ഹിയ്ക്ക് നന്ദിയെന്നാണ് പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചത്.പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അന്തിമ ഫലപ്രഖ്യാപനം വരുന്നതിനു മുന്നേ കെജ്രിവാളിന് അഭിനന്ദനമറിയിച്ചു. ജനം വികസനത്തിനാണ് വോട്ട് ചെയ്തതെന്നും അവര്‍ ബി.ജെ.പിയെ തള്ളികളഞ്ഞെന്നുമായിരുന്നു മമതയുടെ പ്രതികരണം.
നിലവില്‍ 57സീറ്റുകളിലാണ് ആംആദ്മി പാര്‍ട്ടി മുന്നില്‍. 12 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസിനാവട്ടെ ഒരു സീറ്റില്‍ പോലും മുന്നിലെത്താനായിട്ടില്ല.കഴിഞ്ഞ തവണ നേടിയ 67 സീറ്റിനടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കിലും 60 സീറ്റുകളെങ്കിലും നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ആംആദ്മി പാര്‍ട്ടി. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുമ്പോള്‍ ബി.ജെ.പി ഒറ്റയക്കത്തിലേക്ക് ഒതുങ്ങുമെന്നും അവര്‍ കരുതുന്നു.