തുടക്കം അമിത് ഷായ്ക്കൊപ്പം, പ്രശാന്ത് കിഷോറിന്റെ വലം കൈ, കർണാടകയിൽ കോൺഗ്രസിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച സുനിൽ കനുഗൊലു നിസാരക്കാരനല്ല; അടുത്ത ലക്ഷ്യം കേരളം?
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് വിജയത്തെ അല്ലെങ്കിൽ പരാജയത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതുമുതൽ പ്രചാരണമടക്കം നിരവധി ഘടകങ്ങളെയാണ് ഇത് ആശ്രയിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. തകർപ്പൻ വിജയമാണ് കോൺഗ്രസ് നേടിയത്.
224 അംഗ നിയമസഭയിൽ 130ലധികം സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് ബി ജെ പിയിൽ നിന്ന് ഭരണം തിരിച്ചു പിടിച്ചത്. സൗജന്യ വൈദ്യുതി, അരി, സ്ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങിയ വാഗ്ദാനങ്ങളും മുസ്ളീം സംവരണം പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനവുമൊക്കെയാണ് ഈ വിജയത്തിന് പിന്നിൽ. ഇതിനിടയിൽ എല്ലായിടത്തും കേൾക്കുന്ന പേരാണ് നാൽപ്പത്തിയൊന്നുകാരൻ സുനിൽ കനുഗൊലുവിന്റേത്.
ആരാണ് സുനിൽ കനുഗൊലു
കർണാടക സ്വദേശിയായ സുനിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ വലം കൈയായിരുന്നു . വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനായി സോണിയ ഗാന്ധി രൂപീകരിച്ച ടാസ്ക് ഫോഴ്സിൽ അംഗം കൂടിയാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് വിഷയങ്ങളിൽ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾക്ക് മാർഗനിർദ്ദേശം നല്കുന്നത് കനുഗൊലുവാണ്.
തുടക്കം അമിത് ഷായ്ക്കൊപ്പം
അമിത് ഷാക്ക് ഒപ്പമായിരുന്നു സുനിലിന്റെ തുടക്കം. 2012 മുതൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ. തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിനും സഹായകമായി. ബി.ജെ.പി വിട്ട് പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരാൻ ശ്രമിച്ചപ്പോൾ കനഗോലുവും ഒപ്പമുണ്ടായിരുന്നു. എന്നാൽ പ്രശാന്ത് കിഷോർ കോൺഗ്രസിൽ വന്നില്ലെങ്കിലും കനഗോലു കോൺഗ്രസിന്റെ ഭാഗമായി. ആദ്യം ലഭിച്ച ചുമതല തന്നെ വിജയിച്ച നേട്ടത്തിലാണ് കനഗൊലു.
കർണാടക തിരഞ്ഞെടുപ്പിനായി കനുഗൊലുവിന്റെ നേതൃത്വത്തിൽ ഒരു സംഘം രൂപീകരിച്ച് സർവേ ആരംഭിച്ചു. പാർട്ടിക്ക് വിജയം ഉറപ്പില്ലാത്ത മണ്ഡലങ്ങളിൽ അക്ഷീണം പ്രവർത്തിച്ചു. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും തിരിച്ചു വരവിന് ശക്തിയായ ഭാരത് ജോഡോ യാത്രയുടെ പിന്നണിയിൽ കനുഗൊലു ഉണ്ടായിരുന്നു. യാത്രയുടെ സമയത്ത് കർണ്ണാടകയിൽ സ്കാൻ ബോർഡ് വച്ച് പേ സി എം എന്ന ക്യാമ്പയിൻ നടത്തി. സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ ചർച്ചയാക്കാൻ ഈ പ്രചാരണത്തിലൂടെ സാധിച്ചു.
കേരളത്തിലേക്ക്
കർണാടക വിജയത്തിന് പിന്നാലെ സുനിലിനെ കേരളത്തിലേക്ക് അയക്കണമെന്ന ആവശ്യമാണിപ്പോൾ ഉയരുന്നത്. ഉടൻ അദ്ദേഹം കേരളത്തിലുമെത്തുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് നേതാക്കൾക്കുള്ളത്.