മുഖ്യമന്ത്രിക്കസേരയിലേക്ക് ആരെത്തും? സിദ്ധരാമയ്യയോ ശിവകുമാറോ? പ്രഖ്യാപനം ഇന്നുണ്ടായേക്കും;മുഖ്യമന്ത്രി പദം പങ്കിടാനും സാധ്യത
ന്യൂഡൽഹി: കർണാടകത്തിലെ തകർപ്പൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസിൽ തിരക്കിട്ട നീക്കങ്ങൾ. മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് സംസ്ഥാന അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാറും മുതിർന്ന നേതാവ് സിദ്ധരാമയ്യയും. കോൺഗ്രസ് നിയോഗിച്ച നിരീക്ഷക സംഘം ഇന്നലെ എംഎൽഎമാരെ കണ്ട് അഭിപ്രായം തേടിയിരുന്നു.
കെ സി വേണുഗോപാലും എ ഐ സി സി നിരീക്ഷകരും ഉച്ചയോടെ ഡൽഹിയിലെത്തും. തുടർന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരടങ്ങുന്ന ദേശീയ നേതൃത്വവുമായി ചർച്ച നടത്തും. കർണാടകയുടെ പുതിയ മുഖ്യമന്ത്രിയെ രാത്രിയോടെ പ്രഖ്യാപിച്ചേക്കും.
ശിവകുമാറും സിദ്ധരാമയ്യയും ഡൽഹിയിലെത്തി പാർട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇരു നേതാക്കളോടും കാത്തിരിക്കാനും, ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മാത്രം ഡൽഹിയിലേക്ക് വരണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ഡൽഹിയിലേക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് ഡി കെ ശിവകുമാറിന്റെ പ്രതികരണം. ‘മുഖ്യമന്ത്രിയാരാണെന്ന കാര്യത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനമാണ് അന്തിമം. ചെയ്യാനുള്ളതെല്ലാം ചെയ്തു. ജനം തിരിച്ചും നൽകി.- അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. പിറന്നാൾ ദിനത്തിൽ ഹൈക്കമാൻഡ് മുഖ്യമന്ത്രിക്കസേര സമ്മാനമായി നൽകുമോയെന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രി പദം പങ്കിട്ടെടുക്കാൻ സിദ്ധരാമയ്യ തയ്യാറാണെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. രണ്ട് വർഷം താനും പിന്നീട് ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്ന ഫോർമുല സിദ്ധരാമയ്യ മുന്നോട്ടുവച്ചെന്നാണ് എ ഐ സി സി വൃത്തങ്ങൾ നൽകുന്ന സൂചന.