എളുപ്പമല്ല ഇനി പ്രവാസം..!
പ്രവാസി നിയമലംഘകര്‍ക്കെതിരെ നടപടി കര്‍ശനമാക്കി; വ്യാജ ഡോക്ടര്‍ ഉള്‍പ്പെടെ പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികള്‍ക്കായി അധികൃതര്‍ പരിശോധനകള്‍ കര്‍ശനമാക്കി. മൂന്ന് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം 16 പ്രവാസികള്‍ അറസ്റ്റിലായി. സലൂണുകളിലും മെഡിക്കല്‍ ക്ലിനിക്കുകളിലും നിയമവിരുദ്ധമായി ജോലി ചെയ്തിരുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും.
മുബാറക് അല്‍ കബീറില്‍ ഗാര്‍ഹിക തൊഴിലാളികളെ ദിവസ വേതന അടിസ്ഥാനത്തില്‍ ജോലിക്ക് നിയമിച്ചിരുന്ന ഒരു ഓഫീസും പരിശോധനയില്‍ കണ്ടെത്തി. ഇവിടെ നിന്ന് 11 പ്രവാസികളെ അറസ്റ്റ് ചെയ്തു. മെഡിക്കല്‍ ക്ലിനിക്കുകളിലും സലൂണുകളിലുമാണ് പ്രധാനമായും പരിശോധനകള്‍ നടന്നത്. തൊഴില്‍, താമസ നിയമലംഘകരായ പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു. ലൈസന്‍സില്ലാതെ ചികിത്സ നടത്തിയിരുന്ന ഒരു വ്യാജ ഡോക്ടറും ഇങ്ങനെ പിടിയിലായി. രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച 14 പ്രവാസികളെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.