മകള്‍ ബ്ലാക്മെയില്‍ ചെയ്യപ്പെട്ടതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്ത സംഭവം; യുവാവ് ഒളിവിലെന്ന് പോലീസ്
പിറവം: മകള്‍ ബ്ലാക്മെയില്‍ ചെയ്യപ്പെട്ടതറിഞ്ഞ് മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ പോലീസ് തിരയുന്നു. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്ന യുവാവ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പിറവം കക്കാട് സ്വദേശിയായ പിതാവ് ജനുവരിയിലാണ് ആത്മഹത്യ ചെയ്തത്. ഡിസംബര്‍ അവസാനമാണ് കേസിനാസ്പദമായ സംഭവം.
ബെംഗളൂരുവില്‍ ബിഎസ്സി. നഴ്സിങ്ങിന് പഠിക്കുന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലായ പിറവം സ്വദേശി, പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും മറ്റൊരു പെണ്‍കുട്ടിക്ക് ഇത് അയച്ചുകൊടുത്തുവെന്നുമാണ് പരാതി.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡിസംബര്‍ അവസാനം പിറവം പോലീസ് കേസെടുത്തിരുന്നു. അതിനിടെയാണ് മനോവിഷമം മൂലം പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തത്.
പിതാവിന്റെ മരണത്തിന് കേസെടുത്ത പോലീസ് പിന്നീട് ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചേര്‍ത്ത് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടി കോലഞ്ചേരി മജിസ്ട്രേറ്റ് മുന്‍പാകെ നേരിട്ട് ഹാജരായി മൊഴി നല്‍കിയിട്ടുണ്ട്.