സിലബസ് 30 ശതമാനം പോലും തീർന്നിട്ടില്ല; പാഠംതീരാതെ പരീക്ഷ; പ്ലസ് വണ്ണിൽ വിദ്യാർഥികൾ വലയും
കൊട്ടാരക്കര: പത്തുമാസം നീളുന്ന അധ്യയനവർഷത്തിൽ പൂർത്തിയാക്കേണ്ട പാഠങ്ങൾ ആറുമാസത്തിനുള്ളിൽ പഠിച്ചു പരീക്ഷയെഴുതേണ്ട അവസ്ഥയിലാണ് സംസ്ഥാനത്ത് പ്ലസ് വൺ വിദ്യാർഥികൾ. അധ്യയനം പൂർണമായില്ലെങ്കിലും മാർച്ച് 10 മുതൽ 30 വരെ നടക്കുന്ന പൊതുപരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഓഗസ്റ്റ് 25-നാണ് പ്ലസ് വൺ ക്ലാസ് തുടങ്ങിയത്. ആറുമാസംമാത്രമാണ് പഠിപ്പിക്കാൻ അധ്യാപകർക്ക് ലഭിക്കുന്നത്. ഭൂരിഭാഗം സ്കൂളിലും പാഠഭാഗങ്ങൾ എങ്ങുമെത്തിയിട്ടില്ല. 30 ശതമാനംപോലും പഠിപ്പിച്ചുതീർന്നിട്ടില്ലെന്ന് അധ്യാപകർ പറയുന്നു. മുൻവർഷങ്ങളിലേതുപോലെ ഓടിച്ചു പഠിപ്പിച്ചുതീർക്കലാകും ഇനി സ്കൂളുകളിൽ നടക്കുക.
ജൂലായ് നാലിന് ക്ലാസ്സുകൾ ആരംഭിച്ചതിനാൽ പ്ലസ്ടുവിൽ ഇങ്ങനെയുള്ള പ്രശ്നമില്ല. എന്നാൽ ഏറെവൈകി ക്ലാസ്സുകൾ ആരംഭിക്കുന്ന പ്ലസ് വണ്ണിൽ കൃത്യമായി പാഠങ്ങൾ തീർക്കാതെ പരീക്ഷനടത്തുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നതായി ആരോപണമുണ്ട്.
തിങ്കളാഴ്ച രണ്ടാംപാദ വാർഷികപ്പരീക്ഷ ആരംഭിക്കുകയാണ്. എൻ.സി.ഇ.ആർ.ടി. സിലബസ് പ്രകാരം ഇവിടെയും പാഠങ്ങൾ ഒഴിവാക്കിയെങ്കിലും പരീക്ഷയിൽ ഏതെല്ലാമാണ് ഒഴിവാക്കിയതെന്ന് വ്യക്തത വരുത്തിയിട്ടില്ല. ഇത് വിദ്യാർഥികളെ ആശങ്കയിലാക്കുന്നു.
ഫെബ്രുവരി ഒന്നിന് പ്ലസ്ടു പ്രായോഗികപ്പരീക്ഷ തുടങ്ങും. അധ്യാപകർ പരീക്ഷാ നടത്തിപ്പിനു പോകുന്നതോടെ പ്ലസ് വൺ ക്ലാസ്സുകൾ മുടങ്ങും. പരീക്ഷയും ക്രിസ്മസ് അവധിയുമായി ഡിസംബർ പിന്നിട്ടാൽ ജനുവരിമാത്രമാണ്, അവശേഷിക്കുന്ന പാഠങ്ങൾ തീർക്കാൻ അധ്യാപകർക്കു ലഭിക്കുക.