തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ വ്യാഴാഴ്ച രാവിലെ 10 മുതൽ ഓൺലൈനായി സമർപ്പിക്കാം. മെയിൻ അലോട്ട്മെന്റിന് അപേക്ഷിച്ചിട്ടും ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കുമാണ് ഈ അവസരം. സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള ഒഴിവുകളും മറ്റ് വിശദാംശങ്ങളും വ്യാഴാഴ്ച രാവിലെ 9 മണിക്ക് അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടതിനാൽ പ്രവേശനം നിഷേധിച്ചവരെയും സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കും. അപേക്ഷകളിലെ പിശകുകൾ തിരുത്തി പുതുക്കി സമർപ്പിക്കണം. ഹെൽപ്പ് ഡെസ്കുകൾ വഴി സാങ്കേതിക സഹായം നൽകാൻ സ്കൂൾ പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.