തിരുവനന്തപുരം: സമാധാനപരമായി മാത്രമേ പ്രതിഷേധിക്കാവൂ എന്ന ഹൈക്കോടതി വിധി ലംഘിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. പോലീസ് ബാരിക്കേഡുകളുടെ ആദ്യ നിര പ്രതിഷേധക്കാർ മറികടന്നു. പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മത്സ്യത്തൊഴിലാളികളുടെ സമരം ഇന്ന് 18-ാം ദിവസത്തിലേക്ക് കടന്നു.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും നിർമ്മാണ കരാർ കമ്പനിയായ ഹോവ് എഞ്ചിനീയറിംഗ് പ്രൊജക്ടും സമർപ്പിച്ച ഹർജിയിൽ സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെങ്കിലും പദ്ധതിയോ നിർമ്മാണ പ്രവർത്തനങ്ങളോ തടസ്സപ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പദ്ധതി പ്രദേശത്ത് അതിക്രമിച്ച് കയറാൻ അനുവാദമില്ലെന്നും കോടതി വ്യക്തമാക്കി. ഇത് വകവയ്ക്കാതെയാണ് പ്രതിഷേധം.