കൊച്ചി: നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത് കമ്മീഷൻ ചെയ്ത ചടങ്ങിലാണ് പുതിയ പതാക അനാച്ഛാദനം ചെയ്തത്. പുതിയ കപ്പൽ നാവികസേനയ്ക്ക് പ്രധാനമന്ത്രി ഔദ്യോഗികമായി കൈമാറുകയും സേനയുടെ പുതിയ പതാക രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.
പുതിയ പതാകയുടെ മുകളിൽ ദേശീയ പതാകയും കാണാം. മറാഠാ രാജ്യത്തിന്റെ ഭരണാധികാരിയായ ഛത്രപതി ശിവജിയുടെ മുദ്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഘടകങ്ങളും പുതിയ പതാകയിലുണ്ട്. നീല അഷ്ടഭുജാകൃതിയിലുള്ള ഒരു കവചത്തിനുള്ളിലായി അശോക സ്തംഭവും ഒരു നങ്കൂരചിഹ്നവും ഉള്‍ക്കൊള്ളിച്ചിട്ടുള്ള മുദ്രയും കാണാം.
ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തോട് വിടപറയാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നാവികസേനയുടെ പുതിയ പതാക. വെള്ള പതാകയുടെ ഇടതുവശത്ത് മുകളിലായി ഇന്ത്യയുടെ പതാകയും വലത് വശത്ത് നാവിക സേനയുടെ പുതിയ ചിഹ്നത്തിൽ ദേവനാഗരി ലിപിയിൽ ‘സത്യമേവ് ജയതേ’ എന്ന ദേശീയ മുദ്രാവാക്യവും ആങ്കറും നേവിയുടെ മുദ്രാവാക്യവും കൊത്തിവച്ചിരിക്കുന്ന ഇന്ത്യൻ ദേശീയ ചിഹ്നം അടങ്ങിയിരിക്കുന്നു.