മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിലെ വി.കെ പടിയില്‍ ദേശീയപാത വികസനത്തിന് വേണ്ടി മരം മുറിച്ചപ്പോള്‍ പക്ഷികള്‍ ചത്ത സംഭവത്തില്‍ കേസെടുക്കാന്‍ തീരുമാനം. പദ്ധതിയുടെ കരാറുകാര്‍ക്കെതിരെ വനം വകുപ്പാണ് കേസ് എടുക്കുന്നത്.
വന്യജീവി സംരക്ഷണം നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങള്‍ പറക്കാനായ ശേഷമേ മരം മുറിക്കാവൂ എന്ന നിര്‍ദേശം കരാറുകാരന് ലംഘിച്ചെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്ന് പ്രദേശവാസികളില്‍ നിന്നും വിശദമൊഴി എടുത്ത ശേഷമായിരിക്കും നടപടിയെടുക്കുക.
മരം മുറിച്ചതോടെ പക്ഷികള്‍ ചത്തുവീഴുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് വനം വകുപ്പ് നടപടി.