ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രശേഖർ നടത്തിയ സാമ്പത്തിക തട്ടിപ്പ് നടി ജാക്വലിൻ ഫെർണാണ്ടസിന് അറിയാമായിരുന്നെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഒന്നും അറിയില്ലെന്ന തരത്തിലുള്ള കഥകൾ ജാക്വിലിൻ കെട്ടിച്ചമച്ചതെന്നും ഇഡി കുറ്റപത്രത്തിൽ പറയുന്നു. സുകേഷിന്റെ കേസുകളും തട്ടിപ്പുകളും തനിക്ക് അറിയില്ലെന്ന നടിയുടെ വാദം ശരിയല്ലെന്നും ഇഡി വ്യക്തമാക്കി.
സുകേഷിനെതിരായ കേസുകളെക്കുറിച്ചും, ലീന മരിയ പോൾ സുകേഷിന്റെ ഭാര്യയാണെന്ന വിവരവും ജാക്വിലിന് അറിയാമായിരുന്നുവെന്നും ഇ ഡി വ്യക്തമാക്കി. സുകേഷിനെതിരെ ക്രിമിനൽ കേസുകൾ ഉണ്ടെന്ന് അറിഞ്ഞ ശേഷമാണ് നടി സാമ്പത്തിക ഇടപാടുകൾ നടത്തിയത്. ജാക്വിലിന്റെ ഹെയർ സ്റ്റൈലിസ്റ്റ് ഷാൻ 2021 ഫെബ്രുവരിയിൽ സുകേഷിന്റെ ചരിത്രം അറിയിച്ചിരുന്നു. പക്ഷേ ഇത് പരിഗണിക്കാതെയാണ് അവർ കരാറുമായി മുന്നോട്ട് പോയത്.
200 കോടിയുടെ സാമ്പത്തിക തട്ടിപ്പിൽ പങ്കുണ്ടെന്ന് അറിയാമായിരുന്നിട്ടും ബന്ധം തുടരുകയും സമ്മാനങ്ങൾ ഉൾപ്പെടെ സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. ജാക്വിലിനെ ഇ.ഡി കേസിൽ പ്രതി ചേർത്തിരുന്നു. സുകേഷിന്റെ പക്കൽ നിന്ന് സ്വർണ്ണാഭരണങ്ങളുടെ ശേഖരം, 65 ജോഡി ചെരിപ്പ്, 47 വസ്ത്രങ്ങൾ, 32 ബാഗുകൾ, നാല് ഹാൻഡ്ബാഗുകൾ, ഒൻപത് പെയിന്റിംഗുകൾ, വിലയേറിയ പാത്രങ്ങൾ എന്നിവ സമ്മാനമായി ലഭിച്ചതായി ജാക്വലിൻ സമ്മതിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.