ഇന്ന് മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയുടെ ജൻമദിനമാണ്. രാവിലെ മുതൽ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നടൻ മോഹൻലാൽ ജയസൂര്യക്ക് നൽകിയ ആശംസയാണ് ശ്രദ്ധനേടുന്നത്. പിറന്നാൾ ആശംസകൾക്കൊപ്പം കത്തനാർ എന്ന ചിത്രത്തിന് ആശംസയും മോഹൻലാൽ നൽകുന്നുണ്ട്.
ഒരു ഫോട്ടോ സഹിതമാണ് മോഹൻലാൽ അദ്ദേഹത്തെ അഭിനന്ദിച്ചത്. കത്തനാർ സിനിമയുടെ പോസ്റ്ററായി പുറത്തിറക്കിയ ചിത്രത്തിൽ ‘ഹാപ്പി ബർത്ത്ഡേ ജയസൂര്യ’ എന്നാണ് എഴുതിയിരിക്കുന്നത്. പിന്നീട് മോഹൻലാലിന് നന്ദി അറിയിച്ച് ജയസൂര്യയും കമന്റ് ചെയ്തിരുന്നു.
2021 ൽ പ്രഖ്യാപിച്ച ജയസൂര്യ ചിത്രമാണ് ‘കത്തനാർ’. കടമറ്റത്ത് കത്തനാർ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹോം ഡയറക്ടർ റോജിൻ തോമസാണ് കത്തനാരുടെയും സംവിധായകൻ. ഇന്ത്യൻ സിനിമയുടെ ആദ്യ വെർച്വൽ പ്രൊഡക്ഷൻ ആയിരിക്കും ഈ ചിത്രമെന്ന് നിർമ്മാതാക്കൾ പറയുന്നു. ഏഴ് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.