പാകിസ്ഥാൻ : പാകിസ്ഥാനിലെ ജില്ലകളെ മൺസൂൺ മഴയും അഭൂതപൂർവമായ തോതിലുള്ള വെള്ളപ്പൊക്കവും ബാധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ ജലജന്യ, വെക്ടർജന്യ രോഗങ്ങളുടെ കൂടുതൽ വ്യാപനത്തിനുള്ള സാധ്യത ഉൾപ്പെടെ രോഗബാധിതർ നേരിടുന്ന ഗുരുതരമായ പൊതുജനാരോഗ്യ ഭീഷണികളെക്കുറിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകി. 2022 ജൂലൈ പകുതിയോടെ ആരംഭിച്ച കനത്ത മൺസൂൺ മഴയുടെ ആഘാതം രൂക്ഷമാണ്. ഇത് രാജ്യത്തെ 116 ജില്ലകളിലെ 33 ദശലക്ഷം ആളുകളെ ബാധിച്ചു.
ഈ പ്രകൃതിദുരന്തത്തിന്റെ ഫലമായി കുറഞ്ഞത് 1,000 പേർ കൊല്ലപ്പെടുകയും 1,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും 1,61,000 ലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായും നാഷണൽ ഹെൽത്ത് സർവീസസ്, റെഗുലേഷൻസ് ആൻഡ് കോ-ഓർഡിനേഷൻ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ 888 ഓളം ആരോഗ്യ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അതിൽ 180 എണ്ണം പൂർണ്ണമായും തകർന്നു, ദശലക്ഷക്കണക്കിന് ആളുകൾക്ക് ആരോഗ്യ പരിരക്ഷയും ചികിത്സയും ലഭ്യമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കടുത്ത ജലക്ഷാമം, ഡെങ്കിപ്പനി, മലേറിയ, പോളിയോ, കോവിഡ് -19 എന്നിവയുൾപ്പെടെ പാകിസ്ഥാനിൽ തുടരുന്ന രോഗങ്ങൾ കൂടുതൽ രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനും ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ജീവൻ രക്ഷാ സാമഗ്രികൾ നൽകുന്നതിനും മൊബൈൽ ഹെൽത്ത് ടീമുകളെ പിന്തുണയ്ക്കുന്നതിനും പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനും ലോകാരോഗ്യ സംഘടന അടിയന്തര നടപടികൾ ആരംഭിച്ചു.