ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക പുറത്തുവിടാത്തതിനെതിരെ വിമർശനവുമായി മനീഷ് തിവാരി. എന്തുകൊണ്ടാണ് പട്ടിക പുറത്തുവിടാത്തതെന്നും പട്ടികയ്ക്കായി എല്ലാ പിസിസി ഓഫീസുകളിലും പോകേണ്ടതുണ്ടോയെന്നും മനീഷ് തിവാരി ചോദിച്ചു. മനീഷ് ജി 23 കൂട്ടായ്മയിലെ നേതാവാണ്. തിരഞ്ഞെടുപ്പിൽ അദ്ദേഹം സ്ഥാനാർത്ഥിയായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ട്വിറ്ററിലൂടെയാണ് മനീഷ് കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചത്. വോട്ടർപട്ടികയില്ലാതെ നീതിയുക്തവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് എങ്ങനെ നടത്താൻ കഴിയും? തിരഞ്ഞെടുപ്പ് സുതാര്യമാകണമെങ്കിൽ വോട്ടർമാരുടെ പേരും വിലാസവും കോൺഗ്രസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും തിവാരി പറഞ്ഞു. ആർക്കും പിസിസിയിൽ പോയി വോട്ടർപട്ടിക പരിശോധിക്കാമെന്നും നാമനിർദേശ പത്രിക സമർപ്പിക്കുന്നവർക്ക് വോട്ടർ പട്ടിക നൽകുമെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിയുടെ പ്രതികരണത്തിന് എതിരെയായിരുന്നു മനീഷിന്റെ വിമർശനം.