രാജസ്ഥാന്: ഒരിടവേളക്ക് ശേഷം രാജസ്ഥാന് കോണ്‍ഗ്രസിൽ അശോക് ഗെലോട്ട്-സച്ചിന് പൈലറ്റ് പോര് രൂക്ഷമാകുന്നു. സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അടുത്ത അനുയായിയും സംസ്ഥാന പട്ടികജാതി കമ്മീഷൻ ചെയർമാനുമായ എം എൽ എ ഖിലാഡി ലാൽ ബൈർവ രംഗത്ത് എത്തിയതോടെയാണ് തർക്കം തലപൊക്കുന്നത്.
ഇതിനെതിരെ മറുപടിയുമായി അശോക് ഗെലോട്ട് ക്യാമ്പിലെ നേതാക്കളും രംഗത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയാണെങ്കിൽ അത് പാർട്ടിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാകും.
നിലവിലെ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പാർട്ടിയുടെ ദേശീയ അധ്യക്ഷനായി നിയമിച്ച് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിൽ ആർക്കും പ്രശ്നമില്ലെന്നും ഖിലാഡി ലാൽ ബൈർവ പറഞ്ഞു. സോണിയാ ഗാന്ധിക്ക് പകരം അശോക് ഗെലോട്ട് എഐസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ഗാന്ധി കുടുംബം നേരത്തെ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പ്രതികരണം. എന്നാൽ ആ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായില്ല.