തിരുവനന്തപുരം: തീരദേശത്തെ മണ്ണൊലിപ്പിനും പാർപ്പിട നഷ്ടത്തിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ കവാടത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം 16-ാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമാക്കാനാണ് തീരുമാനം. അയിരൂർ മുതൽ മാമ്പള്ളി വരെയുള്ള ഇടവകകളിൽ നിന്നുള്ളവരാണ് ഇന്നത്തെ സമരത്തിൽ പങ്കെടുക്കുന്നത്.
ഇന്നലെ സമരസമിതിയുമായി ചർച്ച നടത്താൻ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരുന്നെങ്കിലും രേഖാമൂലമുള്ള നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ലത്തീൻ അതിരൂപത യോഗത്തിൽ പങ്കെടുത്തിരുന്നില്ല. തങ്ങളുടെ ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് ലഭിക്കുന്നതുവരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം.