ഇടുക്കിയിലെ തൊടുപുഴ കുടയത്തൂരിൽ ഉണ്ടായ ഉരുൾപൊട്ടൽ പ്രവചനാതീതമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കുടയത്തൂർ ദുരന്തസാധ്യതയുള്ള പ്രദേശമായിരുന്നില്ല. സഭയിലെ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ദുരന്തം നടന്ന സ്ഥലത്തെക്കുറിച്ച് നാട്ടുകാർക്ക് തന്നെ നന്നായി അറിയാം. ഏകദേശം 70 വർഷം മുന്‍പാണ് അവിടെ ഉരുൾപൊട്ടലുണ്ടായിട്ടുള്ളത്. മറ്റൊരു ദുരന്ത സാധ്യതയും ഉണ്ടായിരുന്നില്ല. മറ്റെല്ലാ സമയത്തെയും പോലെ, ഓറഞ്ച് ബുക്ക് തയ്യാറാക്കുകയും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകൂട്ടി അറിയിപ്പ് നൽകിക്കൊണ്ട് ജാഗ്രതയോടെ പ്രവർത്തിക്കുകയും ചെയ്തു വന്നതാണ്. ഈ അപകടം നേരത്തെ പ്രവചിക്കാൻ കഴിഞ്ഞില്ല. മന്ത്രി കൂട്ടിച്ചേർത്തു.
കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയിൽ ഇന്നലെ പുലർച്ചെയാണ് ഉരുൾപൊട്ടലുണ്ടായത്. മാളിയേക്കൽ കോളനിയിലെ സോമന് എന്നയാളുടെ കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. സോമന്, മാതാവ് തങ്കമ്മ, മകള്‍ ഷിമ, ഭാര്യ ഷിജി, ചെറുമകന് ദേവാനന്ദ് എന്നിവരാണ് മരിച്ചത്. വീട് പൂര്‍ണമായും ഒലിച്ചുപോയിരുന്നു.