ജനീവ: ടേക്ക് ഓഫിന് തൊട്ടുപിന്നാലെ കോക്പിറ്റിൽ ബഹളമുണ്ടാക്കിയെന്നാരോപിച്ച് എയർ ഫ്രാൻസ് രണ്ട് പൈലറ്റുമാരെ സസ്പെൻഡ് ചെയ്തു. ജൂണിൽ ജനീവയിൽ നിന്ന് പാരീസിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ജൂണിൽ നടന്ന സംഭവത്തിൽ അന്വേഷണം പൂർത്തിയായതായി എയർ ഫ്രാൻസ് അധികൃതർ അറിയിച്ചു. സുരക്ഷാ നിർദ്ദേശങ്ങളും പ്രോട്ടോക്കോളുകളും പാലിക്കുന്നതിൽ പൈലറ്റുമാർ പരാജയപ്പെട്ടതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ജനീവയിൽ നിന്ന് വിമാനം പറന്നുയർന്നതിന് പിന്നാലെ കോക്പിറ്റിൽ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. അവർ പരസ്പരം വസ്ത്രങ്ങൾ പിടിച്ച് വലിക്കുകയും മർദിക്കുകയും ചെയ്തു. ക്രൂ അംഗങ്ങൾ ഇടപെട്ടതോടെയാണ് പ്രശ്നം അവസാനിച്ചത്. വിമാനം ലാൻഡ് ചെയ്യുന്നതുവരെ ക്രൂ അംഗങ്ങളിൽ ചിലർ കോക്പിറ്റിൽ തുടർന്നു.
എന്നാൽ, പൈലറ്റുമാർ തമ്മിലുള്ള കയ്യാങ്കളി വിമാനത്തിന്റെ പ്രവർത്തനത്തെ ബാധിച്ചില്ലെന്ന് ഏവിയേഷൻ അധികൃതർ വ്യക്തമാക്കി. വിമാനം സുരക്ഷിതമായി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.