ഡൽഹി: വിവാദമായ കശ്മീർ പരാമർശത്തിനെതിരായ കേസ് അന്വേഷിക്കാൻ, ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ നിയമിച്ചു. എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ചുമതലയെന്ന് ഡൽഹി പോലീസ് അറിയിച്ചു. രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന ഹർജിയിൽ, കോടതി ഇന്ന് വാദം കേൾക്കാനിരിക്കെയാണ് പൊലീസിൻ്റെ നടപടി.
പാക്ക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും കശ്മീർ താഴ്വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേർത്ത് ‘ഇന്ത്യൻ അധീന കശ്മീർ’ എന്നും ജലീൽ എഴുതിയിരുന്നു. ഇത് പിന്നീട് തിരുത്തുകയും പിൻവലിക്കുകയും ചെയ്തു. വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ കെ.ടി ജലീലിനെതിരെ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസും കേസെടുത്തിരുന്നു. 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നീ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.