കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്’ 50 കോടി ക്ലബ്ബിൽ ഇടം നേടി. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സിനിമയ്ക്ക് നൽകിയ പിന്തുണയ്ക്ക് പ്രേക്ഷകർക്ക് താരം നന്ദി പറഞ്ഞു.
ഓഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസിന് തൊട്ടുമുമ്പ് അണിയറപ്രവർത്തകർ പുറത്തിറക്കിയ പോസ്റ്റർ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ പരസ്യം ഇടത് സൈബർ വിംഗുകൾ രാഷ്ട്രീയവത്കരിക്കുകയും സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ റിലീസിന് ശേഷം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. ആദ്യ ദിനം 1.25 കോടി രൂപയാണ് ചിത്രം നേടിയത്. ഓഗസ്റ്റ് 18 മുതൽ ജിസിസി കേന്ദ്രങ്ങളിലും ചിത്രം പ്രദർശിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
രതീഷ് ബാലകൃഷ്ണൻ പൊതുവാള് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ഗായത്രി ശങ്കറാണ് നായിക. കാസർകോട് നിന്നുള്ള നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.