ന്യൂഡല്‍ഹി: 16 വയസിന് മുകളിൽ പ്രായമുള്ള മുസ്ലീം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാൻ അനുമതി നൽകിയ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. പോക്സോ, ശൈശവ വിവാഹ നിരോധന നിയമങ്ങൾക്ക് എതിരാണ് ഹൈക്കോടതി വിധിയെന്ന് ആരോപിച്ചാണ് കമ്മിഷൻ സുപ്രീം കോടതിയെ സമീപിച്ചത്.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ രംഗത്ത് വന്നിരിക്കുന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് 16 വയസ് പൂർത്തിയായാൽ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിചിരുന്നു. ഋതുമതിയായ പെണ്‍കുട്ടിക്ക് മുഹമ്മദീയ നിയമപ്രകാരം വിവാഹം കഴിക്കാമെന്ന് ഹൈക്കോടതി വിധിച്ചു. ഡൽഹി ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു.
എന്നാൽ, 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് പോക്സോ നിയമത്തിന്റെ ലംഘനമാണെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പതിനെട്ട് വയസ് തികയാത്തവരെയാണ് പോക്സോ നിയമത്തില്‍ കുട്ടികള്‍ എന്ന് നിര്‍വച്ചിരിക്കുന്നത്. പതിനെട്ടു വയസ്സ് തികയാതെ വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ക്ക് പോക്സോ നിയമത്തില്‍ പ്രത്യേക പരിരക്ഷ നല്‍കുന്നതായി വിശദീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ 18 വയസ്സിന് താഴെയുള്ള മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവർക്കെതിരെ പോക്സോ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.