ആഗോള വിപണിയിൽ വിൽപ്പന അവസാനിപ്പിച്ചിട്ടും ജോൺസൺ ആൻഡ് ജോൺസൺ ഇന്ത്യൻ വിപണിയിൽ വിൽപ്പന തുടരുന്നു. അർബുദത്തിന് കാരണമാകുന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന പരാതിയെ തുടർന്ന് യുഎസിലും കാനഡയിലും ഉത്പന്നം നിർത്തുന്നതായി യുഎസ് കമ്പനി പ്രഖ്യാപിച്ചു. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ഇന്ത്യൻ വിപണിയിൽ ഉത്പന്നം ഉടൻ നിർത്താൻ കമ്പനി ഉദ്ദേശിക്കുന്നില്ല.
ഉത്പന്നം സുരക്ഷിതമാണെന്നും നിലവിൽ രാജ്യത്ത് വിൽപ്പന നിർത്താൻ പദ്ധതിയില്ലെന്നുമാണ് കമ്പനിയുടെ നിലപാട്. ഉത്പാദനം നിർത്തുന്നതുവരെ പൗഡർ വിപണിയിൽ തുടരുമെന്നും കമ്പനി അറിയിച്ചിരുന്നു. അതേസമയം, ഈ വിഷയത്തിൽ ഒരു പ്രതികരണത്തിനും ഡ്രഗ് കൺട്രോൾ അതോറിറ്റി തയ്യാറായിട്ടില്ല.
ജോൺസൺ ആൻഡ് ജോൺസന്റെ ടാൽക്കം പൗഡറിൽ കാൻസർ ഉണ്ടാക്കുന്ന ആസ്ബസ്റ്റോസ് അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് പതിനായിരക്കണക്കിന് കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.