ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കുന്ന ജഡ്ജിമാർക്ക് ആജീവനാന്തം വീട്ടുസഹായിയെയും ഡ്രൈവറെയും നൽകുന്നതിനായി കേന്ദ്ര സർക്കാർ സുപ്രീം കോടതി ചട്ടങ്ങളിൽ ഭേദഗതി വരുത്തി. വിരമിച്ച ചീഫ് ജസ്റ്റിസിന് ആജീവനാന്തം സെക്രട്ടേറിയല്‍ അസിസ്റ്റന്റിനെയും നൽകും. വിരമിച്ച ജഡ്ജിമാർക്ക് മൂന്ന് വർഷവും ചീഫ് ജസ്റ്റിസുമാർക്ക് അഞ്ച് വർഷവും വ്യക്തിഗത സുരക്ഷാ ഗാർഡുകൾക്കും സംരക്ഷണം നൽകും.
സുപ്രീം കോടതി ജഡ്ജിമാരുടെ (ശമ്പളം, സേവന വ്യവസ്ഥ) ചട്ടങ്ങളിലെ സെക്ഷൻ 3 ബി ഭേദഗതി ചെയ്താണ് ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചത്. വിരമിച്ച ചീഫ് ജസ്റ്റിസുമാർക്കും ജഡ്ജിമാർക്കും ഡ്രൈവർമാരെയും സെക്രട്ടറിയേറ്റ് അസിസ്റ്റന്റുമാരെയും ഒരു വർഷത്തേക്ക് നൽകുന്നതിനുള്ള ചട്ടങ്ങൾ ഓഗസ്റ്റ് 23 ന് സുപ്രീം കോടതി ഭേദഗതി ചെയ്തിരുന്നു. പിന്നീട്, ഓഗസ്റ്റ് 26ന്, ആനുകൂല്യങ്ങൾ ആജീവനാന്തമാക്കുന്നതിന് വീണ്ടും ഭേദഗതി ചെയ്തു. വിരമിച്ച ചീഫ് ജസ്റ്റിസിന് പഴയ ഔദ്യോഗിക വസതി ഒഴികെയുള്ള ടൈപ്പ്-7 ഫെസിലിറ്റി വസതിയിൽ ആറ് മാസം കൂടി വാടകയില്ലാതെ താമസിക്കാം.