ദുബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ദുബായിലെ ഏറ്റവും വില കൂടിയ വീടുകളിൽ ഒന്ന് സ്വന്തമാക്കി. 639 കോടി രൂപ വിലമതിക്കുന്ന കടലോര വില്ലയാണ് അംബാനി വാങ്ങിയത്. പാം ജുമൈറയിലാണ് വില്ല സ്ഥിതി ചെയ്യുന്നത്.
ഇളയ മകൻ ആനന്ദ് അംബാനിക്ക് വേണ്ടിയാണ് വില്ല വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. 10 കിടപ്പുമുറികളുള്ള വില്ലയിൽ സ്വകാര്യ സ്പായും ഇൻഡോർ, ഔട്ട്ഡോർ പൂളുകളുമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മുകേഷ് അംബാനിയാണ് വില്ല വാങ്ങിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ശതകോടീശ്വരൻമാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ് ദുബായ്. ബ്രിട്ടീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാം, ഭാര്യ വിക്ടോറിയ, ബോളിവുഡ് താരം ഷാരൂഖ് ഖാൻ എന്നിവരെല്ലാം അംബാനിയുടെ അയൽക്കാരാണ്. നേരത്തെ 79 മില്യൺ ഡോളർ മുടക്കി മകൻ ആകാശിനായി അംബാനി യു.കെയിൽ വീട് വാങ്ങിയിരുന്നു. വർഷങ്ങളായി, അംബാനി റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ദുബായിലേയും നിക്ഷേപം.