ദുബായ്: ഏഷ്യാ കപ്പിനുള്ള പരിശീലനത്തിനിടെ പാകിസ്ഥാനിൽ നിന്നുള്ള ഭിന്നശേഷിക്കാരിയായ ആരാധികയോടൊപ്പം ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി സെൽഫിയെടുത്തു. ഭിന്നശേഷിക്കാരിയായ ആരാധക ഇന്ത്യൻ താരങ്ങളെ കാണാൻ പരിശീലന ഗ്രൗണ്ടിൽ എത്തിയിരുന്നു. മണിക്കൂറുകള്‍ കാത്തിരുന്നാണു കോലിയെ കണ്ടതെങ്കിലും തന്റെ ആരോഗ്യ വിവരം താരം തിരക്കിയതായി പെൺകുട്ടി പറയുന്നു.
നേരത്തെ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് പാക് വംശജനായ ഒരു ക്രിക്കറ്റ് ആരാധകൻ ഇന്ത്യൻ കളിക്കാരുടെ പരിശീലന ഗ്രൗണ്ടിൽ പ്രവേശിച്ചിരുന്നു. ഇയാളുടെ ആവശ്യവും വിരാട് കോലിയെ കാണണമെന്നായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും കോഹ്ലി ഇടപെട്ട് ആരാധകനെ വിളിച്ചുവരുത്തി. കോഹ്ലിക്കൊപ്പം ഒരു ചിത്രം എടുക്കാമെന്ന പ്രതീക്ഷയിലാണ് താൻ എത്തിയതെന്ന് അദ്ദേഹം ഒരു പാകിസ്ഥാൻ മാധ്യമത്തോട് പറഞ്ഞു.
“വിരാട് കോഹ്ലിയെയല്ലാതെ മറ്റാരെയും ഞാൻ ആരാധിക്കുന്നില്ല. കോഹ്ലിക്കൊപ്പം ഒരു ഫോട്ടോ എടുക്കാൻ ഞാൻ പാകിസ്ഥാനിൽ നിന്ന് വന്നതാണ്. ഈ നിമിഷത്തിനായി ഞാൻ ഒരു മാസം കാത്തിരുന്നു. പരിശീലനം കഴിഞ്ഞ് ഹോട്ടലിലേക്ക് പോകുകയായിരുന്ന കോഹ്ലിയെ കാണാൻ ശ്രമിക്കുകയായിരുന്നു. അദ്ദേഹം ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനും നല്ല മനുഷ്യനുമാണ്. അദ്ദേഹം എന്റെ വാക്കുകൾ കേൾക്കുകയും എന്നോടൊപ്പം ഒരു ഫോട്ടോ എടുക്കുകയും ചെയ്തു,” ആരാധകൻ പറഞ്ഞു. ഓഗസ്റ്റ് 28ന് നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്താനെ നേരിടും.