കണ്ണൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണം തട്ടിയെടുത്തെന്ന കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്ജുന് ആയങ്കി അറസ്റ്റില്‍. പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പോലീസ് അര്ജുന് ആയങ്കിയെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാംപ്രതിയാണ് ഇയാള്‍.
കരിപ്പൂരില്‍ ഒരുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്ജുന് ആയങ്കിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അന്വേഷണവുമായി അന്യസംസ്ഥാനത്തടക്കം പോലീസ് എത്തിയിരുന്നു. തുടര്‍ന്നാണ് പയ്യന്നൂരില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചത്. ഉമ്മര്‍കോയ എന്ന ആളുമായി ചേര്‍ന്ന് നടന്ന സ്വര്‍ണം തട്ടിയ കേസിലാണ് അറസ്റ്റ്. ദുബായില്‍ നിന്നെത്തുന്ന 975 ഗ്രാം സ്വര്‍ണം കരിപ്പൂരിലെത്തിച്ച് തട്ടിയെടുക്കുകയായിരുന്നു പദ്ധതി. കേസില്‍ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.
2021-ലെ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്ജുന് ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്നുവന്നത്. കേസില്‍ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു. ഈ വർഷം ജൂണിൽ അര്ജുന് ആയങ്കിയെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ) പ്രകാരം നാടു കടത്തിയിരുന്നു.