തിരുവനന്തപുരം: അതിജീവനത്തിനായുള്ള പോരാട്ടമാണ് വിഴിഞ്ഞമെന്നും അത് മുന്നോട്ടുകൊണ്ടുപോകുമെന്നും നിലനില്‍പ്പിന്റെ പ്രശ്നമാണെന്നും സമരസമിതി കൺവീനർ ഫാ.തിയോഡിഷ്യസ് ഡിക്രൂസ് പറഞ്ഞു.
സമരത്തിൽ ക്രമസമാധാന പ്രശ്നമില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം അംഗീകരിക്കാനാവില്ല. ഇവിടെ ക്രമസമാധാന പ്രശ്നങ്ങളില്ല. കോടതികളും കണ്ണ് തുറക്കണം. കോടതികള്‍ കുറേകൂടി മാനുഷികമായി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
അദാനി ഗ്രൂപ്പ് തുടക്കം മുതൽ എല്ലാവരെയും വഞ്ചിച്ചു. സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ല. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. അദാനിക്ക് അടിയറവ് പറയില്ല. നഗരമധ്യത്തിലെ അടച്ചിട്ട മുറികളില്‍ ഇരുന്ന് ഈ പ്രശ്നം പഠിക്കാനാവില്ല. സർക്കാരിന്റെ സമീപനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.