കർണാടക: ജീവിക്കാൻ മറ്റ് മാർഗമില്ലാത്തതിനാൽ ദയാവധത്തിന് അപേക്ഷിച്ച് മലയാളി ട്രാൻസ് വുമൺ റിഹാന. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ റിഹാന എട്ട് വർഷം മുമ്പാണ് കർണാടകയിലെത്തിയത്. ബെംഗളൂരുവിൽ ലിംഗമാറ്റവുമായി ബന്ധപ്പെട്ട രണ്ട് ശസ്ത്രക്രിയകൾക്ക് റിഹാന വിധേയയായി. മൂന്ന് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയകൾ നിരവധി പേരുടെ സഹായത്തോടെയാണ് നടത്തിയത്.
ഇതിന് ശേഷം ബെംഗളൂരുവിൽ തന്നെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കണമെന്നായിരുന്നു റിഹാനയുടെ ആഗ്രഹം. പലയിടത്തും ജോലിക്ക് ശ്രമിച്ചെങ്കിലും കിട്ടിയില്ല. വാടകയ്ക്ക് ഒരു വീട് പോലും കിട്ടാത്ത അവസ്ഥയാണ്. ജീവിക്കാൻ മറ്റു വഴിയൊന്നുമില്ലെന്നായതോടെയാണ് റിഹാന കർണാടകയിലെ കൂർഗ് ജില്ലാ ഭരണകൂടത്തിന് മുമ്പാകെ ദയാവധത്തിന് അപേക്ഷ നൽകിയത്.