ഡൽഹി: 15 വർഷം പഴക്കമുള്ള കേസിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അനുകൂല വിധി. ഗോരഖ്പൂർ കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗ കേസിൽ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. യോഗിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയുള്ള ഹർജിയാണ് തള്ളിയത്. ഹർജിയിൽ കഴമ്പില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
2007 ജനുവരി 27ന് ഗോരഖ്പൂരിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. കലാപത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗോരഖ്പൂർ എം.പിയായിരുന്ന യോഗി ആദിത്യനാഥ്, അന്നത്തെ എം.എൽ.എ രാധാ മോഹൻ ദാസ് അഗർവാൾ, ഗോരഖ്പൂർ മേയർ അഞ്ജു ചൗധരി എന്നിവർക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിനും കലാപത്തിന് പ്രേരിപ്പിച്ചതിനുമാണ് കേസെടുത്തത്. യോഗിയുടെ പ്രകോപനപരമായ പ്രസംഗത്തെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടതെന്നാണ് ആരോപണം.
അലഹബാദ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടതിനെ തുടർന്ന് യോഗി ആദിത്യനാഥ് ഉൾപ്പെടെ നിരവധി ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം സംസ്ഥാന സർക്കാർ കേസ് അന്വേഷണം സി.ബി.സി.ഐ.ഡിക്ക് കൈമാറിയെങ്കിലും മറ്റേതെങ്കിലും ഏജൻസിക്ക് കൈമാറണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. അതേസമയം അഞ്ജു ചൗധരിയുടെ ഹർജിയിൽ കേസ് അന്വേഷണം സുപ്രീം കോടതി ഏറെക്കാലം സ്റ്റേ ചെയ്തിരുന്നു. 2008 മുതൽ 2012 വരെയായിരുന്നു സ്റ്റേ.