ന്യൂഡൽഹി: പാർട്ടി വിട്ട മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. രാഹുൽ ഗാന്ധിയുടെ പക്വതയില്ലായ്മയാണ് പാർട്ടിയുടെ കൂടിയാലോചനാപരമായ പ്രവർത്തനങ്ങളെ തകർത്തതെന്ന് ഗുലാം നബി ആരോപിച്ചു.
2013 ൽ രാഹുൽ ഗാന്ധി ഉപാധ്യക്ഷനായി ചുമതലയേറ്റതു മുതൽ പാർട്ടിയുടെ കൂട്ടായ പ്രവർത്തനം തകർന്നിരിക്കുകയാണ്. ഇതോടെ മുതിർന്ന നേതാക്കളെ മാറ്റി നിർത്തി പ്രവർത്തന പരിചയമില്ലാത്ത മുഖസ്തുതിക്കാർ പാർട്ടിയെ നയിക്കാൻ തുടങ്ങി. സോണിയാ ഗാന്ധിക്ക് പോലും വലിയ റോളില്ലാതെയായി. രാഹുൽ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്.
2014 ലെ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയത്തിന് കാരണം രാഹുലിന്റെ കുട്ടിക്കളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നൽകിയ വിശദമായ കുറിപ്പിലാണ് ഗുലാം നബി ആസാദ് രാഹുൽ ഗാന്ധിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.