മഴവിൽ വർണങ്ങൾ വാരി വിതറിയ പോലെ മനോഹരമായ തൂവലുകളുള്ള ഒരു പക്ഷി. അതാണ് മാൻഡറിൻ താറാവ്. പല രാജ്യങ്ങളിലും അവ സ്നേഹത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു ആൺ മാൻഡറിൻ താറാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പ്രജനനകാലത്ത് ഇണകളെ ആകർഷിക്കാൻ അവയുടെ തൂവലുകൾ നിറയെ നിറങ്ങൾ നിറയും. അത്തരത്തിൽ തടാകത്തിൽ നീന്തുന്ന ഒരു മാൻഡറിൻ താറാവിന്റെ കാഴ്ചയാണിത്.
വിവിധ വർണ്ണങ്ങളിലുള്ള തൂവലുകളാണ് ഇവയുടെ പ്രധാന ആകർഷണം. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവയാണ് ഇവ. പടിഞ്ഞാറൻ യൂറോപ്പിലും ഇവ കാണപ്പെടുന്നു. മിക്ക സമയത്തും നദികൾക്കും കായലുകൾക്കും സമീപമുള്ള ഇടതൂർന്ന കുറ്റിക്കാടുകളിലാണ് ഇവ കാണപ്പെടുന്നത്. മരങ്ങളിലാണ് കൂടുകൾ നിർമ്മിക്കുന്നത്. സമീപ വർഷങ്ങളിൽ അവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ചൈനയിലും റഷ്യയിലും ആവാസവ്യവസ്ഥയുടെ ശോഷണമാണ് അവരുടെ എണ്ണം കുറയാൻ കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.