കണ്ണൂർ: ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനംമടുത്ത് നാടുവിട്ട വ്യവസായി ദമ്പതികളെ കണ്ടെത്തി. കോയമ്പത്തൂരിൽനിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. വെള്ളിയാഴ്ച തന്നെ ദമ്പതികളെ കണ്ണൂരിലെത്തിക്കും. ഇരുവരുടെയും മൊബൈൽ ഫോണുകളിൽ നടത്തിയ പരിശോധനയിലാണ് ഇവർ കോയമ്പത്തൂരിലാണെന്ന് വ്യക്തമായത്.
തലശ്ശേരി വ്യവസായ പാർക്കിലെ ‘ഫാൻസി ഫൺ’ സ്ഥാപന ഉടമകളായ രാജ് കബീറും ഭാര്യ ദിവ്യയുമാണ് കഴിഞ്ഞദിവസം നാടുവിട്ടത്. ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ടവർ ലൊക്കേഷൻ പൊലീസിന് ലഭ്യമായി. തുടർന്ന് ഡി.ഐ.ജി രാഹുൽ ആർ. നായരുടെ നിർദേശ പ്രകാരം കോയമ്പത്തൂരിലെത്തിയ പൊലീസ് ദമ്പതികളെ കണ്ടെത്തുകയായിരുന്നു