തിരുവനന്തപുരം: തിരോധാന കേസുകൾ അന്വേഷിക്കാൻ ഒരുങ്ങി കേരള പൊലീസ്. സംസ്ഥാനത്തെ എല്ലാ മാൻ മിസ്സിംഗ് കേസുകളും അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി. സ്വർണക്കടത്ത് കൊലക്കേസിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നാണ് സൂചന.
ഇതുവരെ കണ്ടെത്താൻ കഴിയാതെ ഒഴിവാക്കിയ എല്ലാ കേസുകളും പുനരന്വേഷിക്കാനാണ് നീക്കം. എങ്ങും എത്താതെ പോയ എല്ലാ തിരോധാന കേസുകളുടെയും നിജസ്ഥിതി പരിശോധിക്കും. എല്ലാ ജില്ലാ പൊലീസ് മേധാവിമാരും സ്റ്റേഷൻതല കണക്കുകൾ എടുത്ത് പരിശോധന നടത്തും.
സംസ്ഥാനത്ത് നൂറോളം തിരോധാന കേസുകളുടെ അന്വേഷണം നിലച്ചെന്ന വിവരത്തെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ നിർണായക നടപടി. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് പൊലീസിന് നിർദ്ദേശം നൽകിയതെന്നാണ് വിവരം.