കർണാടക: കർണാടകയിലെ ശിവമോഗയിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ കെഎസ് ഈശ്വരപ്പയ്ക്കെതിരെ ഭീഷണിക്കത്ത്. ടിപ്പു സുൽത്താനെ വീണ്ടും മുസ്ലിം ഗുണ്ട എന്ന് വിളിച്ചാൽ നാവ് അറുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഈശ്വരപ്പ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഈശ്വരപ്പയുടെ വസതിയിലേക്കാണ് സന്ദേശം അയച്ചതെന്നാണ് റിപ്പോർട്ടുകൾ. കന്നഡയിൽ എഴുതിയ കത്തിലാണ് അജ്ഞാതനായ ഒരാൾ മുൻ മന്ത്രിയുടെ നാവ് മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. താൻ ഒരിക്കലും മുസ്ലീങ്ങളെ ഗുണ്ടകൾ എന്ന് വിളിച്ചിട്ടില്ലെന്നും ഇത്തരം ഭീഷണികളെ ഭയക്കുന്നില്ലെന്നും ഈശ്വരപ്പ പ്രതികരിച്ചു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഭീഷണിക്കത്ത് സഹിതം പൊലീസ് സൂപ്രണ്ടിന് പരാതി നൽകി.
കർണാടകയിൽ ടിപ്പു സുൽത്താന്റെയും ഹിന്ദുത്വ പ്രതിനായകൻ വി.ഡി സവർക്കറിന്റെയും ചിത്രങ്ങളുള്ള സ്വാതന്ത്ര്യദിന ബാനറുകൾ സംസ്ഥാനത്ത് സംഘർഷത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ ഇവിടെ ഹിന്ദു യുവാക്കളെ കത്തികൊണ്ട് ആക്രമിച്ചിരുന്നു. തുടർന്ന് പോലീസ് 144 ഏർപ്പെടുത്തി. ന്യൂനപക്ഷങ്ങൾ വർഗീയ സംഘർഷം സൃഷ്ടിച്ചുവെന്ന് ഈശ്വരപ്പ നേരത്തെ ആരോപിച്ചിരുന്നു.