ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി സെപ്റ്റംബർ 13ന് പരിഗണിക്കും. ആ സമയത്ത് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ നിന്ന് ഈ ഹർജികൾ നീക്കം ചെയ്യരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹർജി നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്ന് അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് കോടതി ഉത്തരവ്. ടി.പി. നന്ദകുമാറിന്റെ വക്കീലാണ് എം.കെ അശ്വതി. പിണറായി വിജയൻ, മുൻ ഊർജ്ജ സെക്രട്ടറി കെ മോഹനചന്ദ്രൻ, വൈദ്യുതി വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സമർപ്പിച്ച ഹർജിയിൽ 2018 ജനുവരി 11ന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ 30 ലധികം തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവച്ചത്.
കെ.എസ് .ഇ.ബി മുന്‍ അക്കൗണ്ട്സ് മെംബര്‍ കെ.ജി. രാജശേഖരന് നായര്‍, മുന്‍ ബോര്‍ഡ് ചെയര്മാന് ആര്. ശിവദാസന്‍, ജനറേഷന് വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലും കോടതി നോട്ടീസയച്ചു. അന്ന് കേസ് പരിഗണിക്കുന്ന ബെഞ്ചിന്റെ തലവനായിരുന്ന ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്തിരുന്നു.