തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ബഹളത്തിൽ രോഷാകുലനായി സി.പി.എം നേതാവ് എം.എം മണി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പ്രസംഗത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തോട് മിണ്ടാതിരിയെടാ എന്നായിരുന്നു മണിയുടെ പ്രതികരണം. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ആർ ബിന്ദു മറുപടി പറയുമ്പോഴായിരുന്നു സംഭവം.
കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ അദ്ധ്യാപികയായി നിയമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചാണെന്നും പ്രതിപക്ഷം മൂന്നാംകിട കുശുമ്പിന്റെ അവതാരങ്ങളാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിയമസഭയിൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയത്. ബഹളം വച്ച പ്രതിപക്ഷത്തോട് ദേഷ്യപ്പെട്ട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു എംഎൽഎ എം.എം മണി. മിണ്ടാതിരിയെടാ എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം.
മഹാത്മാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ വിമർശിച്ചതിന്റെ പേരിൽ എംഎം മണി അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ഗാന്ധിജിയെ കൊന്നത് ആർ.എസ്.എസാണെങ്കിൽ പോലും അദ്ദേഹത്തെ നശിപ്പിക്കണമെന്ന് നെഹ്റു ഉൾപ്പെടെയുള്ള കോൺഗ്രസുകാർ കരുതിയിരുന്നുവെന്നായിരുന്നു മണിയുടെ പ്രസ്താവന. കർഷക സംഘത്തിന്റെ വിതുര ഏരിയാ സമ്മേളനത്തിനിടെയായിരുന്നു മണിയുടെ പരാമർശം.