ഇലോൺ മസ്കിൻ്റെ അപൂർവ ചിത്രങ്ങൾ ലേലത്തിനുവച്ച് മുൻ കാമുകി ജെന്നിഫർ ഗ്വിൻ. കോളേജ് കാലം മുതലുള്ള മസ്കിന്റെ 18 ചിത്രങ്ങളാണ് ജെന്നിഫർ ലേലത്തിന് വച്ചിരിക്കുന്നത്. മിക്ക ചിത്രങ്ങളുടെയും ലേല വില 100 ഡോളറിലാണ് ആരംഭിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം, മസ്ക് ജെന്നിഫറിന് നൽകിയ ഒരു ജന്മദിന കാർഡും മാലയും കൂടിയുണ്ട്. ജന്മദിന കാർഡിന് ഇപ്പോൾ 1331 ഡോളറാണ് വില. 357 രൂപയാണ് നിലവിൽ മാലയുടെ വില.
ഇരുവരും പെൻസിൽവാനിയ സർവകലാശാലയിൽ ഒരുമിച്ച് പഠിക്കുന്ന സമയത്ത് എടുത്ത ചിത്രങ്ങളാണ് ലേലത്തിനുള്ളത്. മുൻ ഭർത്താവിലുള്ള തൻ്റെ മകൻ്റെ പഠനച്ചെലവ് കണ്ടെത്താനാണ് ജെന്നിഫർ ചിത്രങ്ങൾ ലേലം ചെയ്യുന്നത്. 48കാരിയായ ജെന്നിഫർ ഇപ്പോൾ അമേരിക്കയിലെ സൗത്ത് കരോളിനയിലാണ് താമസിക്കുന്നത്.
ഇരുവരും തമ്മിലുള്ള ബന്ധം ഒരു വർഷത്തോളം നീണ്ടുനിന്നു. 1995 ൽ മസ്ക് പാലോ ആൽടോയിലേക്ക് മാറിയതോടെ ഈ ബന്ധം അവസാനിച്ചു.