ലോകസിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു അവതാർ. അതുല്യമായ തീമും മികച്ച സാങ്കേതികവിദ്യയും അവതാറിനെ അന്താരാഷ്ട്രതലത്തിൽ വളരെ ജനപ്രിയമാക്കി. സംവിധായകൻ ജെയിംസ് കാമറൂൺ അവതാർ സീരീസിൽ തന്റെ അടുത്ത ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അതിന് മുന്നോടിയായി 4കെ എച്ച് ഡി ആറിലേക്ക് (ഹൈ ഡൈനൈമിക് റേഞ്ച്) റീ മാസ്റ്റര്‍ ചെയ്ത ആദ്യ പതിപ്പ് വീണ്ടും കാണാന്‍ അവസരം. സെപ്റ്റംബര്‍ 23ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
ജെയിംസ് കാമറൂണിന്റെ അവതാർ ആദ്യ ഭാഗത്തിന്റെ റീ-റിലീസിന് മുന്നോടിയായി പുതിയ പോസ്റ്റർ പുറത്തിറക്കി. ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ബോക്സ് ഓഫീസിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ. കൂടാതെ ആദ്യഭാഗത്തിന്റെ തിയേറ്റര്‍ അനുഭവം നഷ്ടപ്പെട്ടവര്‍ക്കും മികച്ച സാങ്കേതിക മികവോടെ ചിത്രം കാണാം.
കാമറൂണിന്റെ അഭിപ്രായത്തിൽ, അവതാർ ദി വേ ഓഫ് വാട്ടർ പൂർണ്ണമായും ജെയ്ക്കിലും നൈത്രിയിലും ശ്രദ്ധ കേന്ദ്രീകരിക്കും. നൈത്രിയെ വിവാഹം കഴിക്കുന്ന ജെയ്ക് ഗോത്രത്തിന്റെ തലവനായി മാറുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും, നൈത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് അവതാര്‍ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 16ന് ചിത്രം റിലീസ് ചെയ്യും.