പനജി: ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ട് (42) മരിച്ചതിന്റെ ഞെട്ടലിലാണു കുടുംബവും അനുയായികളും ആരാധകരും. ഗോവയിലെ ഒരു റെസ്റ്റോറന്റിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.
‘റസ്റ്ററന്റിൽനിന്നു ഭക്ഷണം കഴിച്ച ശേഷം സൊനാലിക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി കൂടെയുണ്ടായിരുന്ന ബിജെപി നേതാവ് അമ്മയോടു പറഞ്ഞിരുന്നു. ഭക്ഷണത്തിൽ എന്തെങ്കിലും കലർത്തിയിരുന്നോ എന്നു ഞങ്ങൾ സംശയിക്കുന്നുണ്ട്. ആരെങ്കിലും ഗൂഢാലോചന നടത്തിയോ എന്നതും അന്വേഷിക്കണം’ സൊനാലിയുടെ സഹോദരി മാധ്യമങ്ങളോടു പറഞ്ഞു.
എന്നാൽ സൊനാലിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഗോവ ഡി.ജി.പി തള്ളി. ഗോവ മെഡിക്കൽ കോളജിൽ മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമേ കൂടുതലെന്തെങ്കിലും പറയാനാകൂ എന്നാണു പൊലീസിന്റെ നിലപാട്. ടിവി റിയാലിറ്റി ഷോയായ ബിഗ് ബോസിൽ പങ്കെടുത്തതിലൂടെ പ്രശസ്തയായ സൊനാലി പിന്നീട് ബിജെപിയിൽ ചേർന്നു. 2019 ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദംപൂർ മണ്ഡലത്തിൽ കോൺഗ്രസിലെ കുൽദീപ് ബിഷ്ണോയിയോട് പരാജയപ്പെട്ടു.