അംഗപരിമിതരെ അവഹേളിക്കുന്നു എന്ന് കാട്ടി ‘ലാൽ സിംഗ് ഛദ്ദ’ക്കെതിരെ പരാതി. ‘ഡോക്ടേഴ്സ് വിത്ത് ഡിസബിലിറ്റീസ്’ എന്ന സംഘടനയുടെ സഹസ്ഥാപകൻ ഡോ. സതേന്ദ്ര സിംഗ് ആണ് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് അദ്ദേഹം പങ്കുവെച്ചു. ലാൽ സിംഗ് ഛദ്ദയ്ക്കൊപ്പം മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ജീവചരിത്ര സിനിമയായ ‘സബാഷ് മിത്തു’വിനെതിരെയും അദ്ദേഹം സമാനമായ പരാതി നൽകിയിട്ടുണ്ട്. തപ്സി പന്നുവാണു സബാഷ് മിഥുവിൽ മിതാലിയായി വേഷമിടുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇരു സിനിമകളുടെയും സംവിധായകരിൽ നിന്നും സെൻസർ ബോർഡ്, ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് എന്നിവർ വിശദീകരണം തേടിയിരുന്നു.
ടോം ഹാങ്ക്സിനെ നായകനാക്കി റോബർട്ട് സെമെക്കിസ് സംവിധാനം ചെയ്ത ഫോറസ്റ്റ് ഗമ്പ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. ടോം ഹാങ്ക്സ് അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് ആമിർ അവതരിപ്പിക്കുന്നത്. ആമിർ, കിരൺ റാവു, വയാകോം 18 മോഷൻ പിക്ചേഴ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ കരീന കപൂർ, മോനാ സിംഗ്, നാഗ ചൈതന്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തെലുങ്ക് നടൻ നാഗ ചൈതന്യയുടെ ആദ്യ ബോളിവുഡ് സിനിമയാണ് ഇത്.
1994-ൽ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗമ്പ് എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. ഓസ്കാർ ഉൾപ്പെടെ നിരവധി അവാർഡുകളും ചിത്രം നേടി.