മുംബൈ: മുംബൈ ആസ്ഥാനമായുള്ള ഒരു കമ്പനി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് ജോലി വാഗ്ദാനം ചെയ്തു. സഹ്യാദ്രി ഇൻഡസ്ട്രി ഗ്രൂപ്പിന്റെ ധനകാര്യ വകുപ്പിൽ പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളത്തിലാണ് ജോലി വാഗ്ദാനം. കാംബ്ലി ഓഫർ സ്വീകരിച്ചോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. ബി.സി.സി.ഐയിൽ നിന്ന് ലഭിക്കുന്ന പെൻഷൻ തുക ഉപയോഗിച്ചാണ് താൻ ജീവിക്കുന്നതെന്ന് 50 കാരനായ വിനോദ് കാംബ്ലി നേരത്തെ പറഞ്ഞിരുന്നു.
ജോലിക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കാംബ്ലി നേരത്തെ പരാതിപ്പെട്ടിരുന്നു. ജോലി ലഭിക്കാൻ മദ്യപാനം നിർത്താൻ തയ്യാറാണെന്ന് വിനോദ് കാംബ്ലി പറഞ്ഞു. ഇന്ത്യക്കായി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കാംബ്ലി കളിച്ചിട്ടുണ്ട്. 2000ൽ ശ്രീലങ്കയ്ക്കെതിരെയാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. 1995ന് ശേഷം അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല.
കളി തുടങ്ങിയ കാലത്ത് ഏറ്റവും പ്രതിഭയുള്ള യുവതാരമായി വാഴ്ത്തപ്പെട്ട വിനോദ് കാംബ്ലി കഴിഞ്ഞ ദിവസമാണു സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നു വെളിപ്പെടുത്തിയത്. ബി.സി.സി.ഐ നൽകുന്ന 30,000 രൂപ പെൻഷനെ ആശ്രയിച്ചാണ് തന്റെ ജീവിതമെന്നും കാംബ്ലി വെളിപ്പെടുത്തി. സച്ചിൻ ടെണ്ടുൽക്കറുടെ മിഡിൽസെക്സ് ഗ്ലോബർ അക്കാദമിയിൽ കാംബ്ലി നേരത്തെ ജോലി ചെയ്തിരുന്നു.