മുംബൈ: 5ജി ശൃംഖലകളുടെ വിന്യാസത്തിന് തയ്യാറെടുക്കുന്ന ടെലികോം മേഖല വലിയ തൊഴിലവസരങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. പുതിയ റിപ്പോർട്ട് പ്രകാരം ഈ മേഖലയിൽ 15,000 മുതൽ 20,000 വരെ ഒഴിവുകളുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ ഒഴിവുകൾ നികത്താനുള്ള ശ്രമങ്ങൾ നടത്തും. 5 ജി സേവനങ്ങൾ ആരംഭിക്കുന്നതോടെ ഈ ഒഴിവുകളിൽ മൂന്നിലൊന്ന് ഡിസംബറോടെ നികത്താൻ സാധ്യതയുണ്ട്.
രാജ്യത്തെ വിവിധ സ്റ്റാര്‍ട്ട് അപ്പ് ജീവനക്കാരെയാണ് ഈ ഒഴിവുകള്‍ നികത്താനായി ടെലികോം കമ്പനികള്‍ ലക്ഷ്യമിടുന്നത്. 2020 ജനുവരി മുതൽ ഇതുവരെ 23,000 പേർക്കാണ് സ്റ്റാർട്ടപ്പ് മേഖലയിൽ തൊഴിൽ നഷ്ടമായതെന്നാണ് ഇ.ടി. ടെലികോം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. സ്റ്റാർട്ടപ്പ് കമ്പനികളിലെ ജീവനക്കാർ ജോലി സ്ഥിരത ഉറപ്പാക്കുന്നതിനായി പരമ്പരാഗത കമ്പനികളിലേക്കും ബഹുരാഷ്ട്ര കമ്പനികളിലേക്കും മാറാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 40,000 സ്റ്റാർട്ടപ്പ് ജീവനക്കാർ ജോലി തേടുന്നുണ്ടെന്നാണ് കണക്ക്.
കഴിഞ്ഞ ഒന്നോ രണ്ടോ വർഷത്തിനിടെ ടെലികോം കമ്പനികളിൽ നിന്നുള്ള നിരവധി ജീവനക്കാർ സ്റ്റാർട്ടപ്പുകളിലേക്ക് മാറിയിട്ടുണ്ടെന്നും ഇപ്പോൾ സ്റ്റാർട്ടപ്പ് ജീവനക്കാർ തിരിച്ചുവരവിന് ശ്രമിക്കുകയാണെന്നും തൊഴില്‍ നിയമന സ്ഥാപനമായ ടീം ലീസ് സര്‍വീസസ് വൈസ് പ്രസിഡന്റ് എ.ബാലസുബ്രഹ്മണ്യന് പറഞ്ഞു. ടെലികോം മേഖലയിൽ അടുത്ത രണ്ട് വർഷത്തേക്ക് നിയമനം നടക്കുമെന്ന് ടെലികോം മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലുടമകൾ പറയുന്നു.