സിനിമകൾക്ക്, പ്രത്യേകിച്ച് ബോളിവുഡ് സിനിമകൾക്കെതിരായ ബഹിഷ്കരണ ആഹ്വാനത്തിൽ പ്രതികരണവുമായി നടി ആലിയ ഭട്ട്. ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ആലിയയുടെ പ്രതികരണം.
തന്നെ ഇഷ്ടമല്ലെങ്കിൽ തന്റെ സിനിമകൾ കാണരുതെന്നും ആലിയ പറഞ്ഞു. ഇതിന്റെ പേരിൽ ആലിയയ്ക്കെതിരെ രൂക്ഷവിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ബ്രഹ്മാസ്ത്ര ബഹിഷ്കരിക്കാനും ആലിയയുടെ ഭാവി സിനിമകളെല്ലാം ബഹിഷ്കരിക്കാനും ചിലർ ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ആലിയ പറഞ്ഞത് അവരെ ഇഷ്ടപ്പെടാത്തവരെക്കുറിച്ചാണെന്നും അതില്‍ രോഷം പ്രകടിപ്പിക്കുന്നത് എന്തിനാണെന്നും നടിയെ അനുകൂലിക്കുന്നവര്‍ പറയുന്നു.
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ക്കെതിരേ ഒരു വിഭാഗമാളുകള്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോഫി വിത്ത് കരൺ ഷോയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആലിയ ഭട്ടിനും കരൺ ജോഹറിനുമെതിരെ ചിലർ സൈബർ ആക്രമണം അഴിച്ചുവിട്ടത്. ബോളിവുഡിലെ സ്വജനപക്ഷാപാതത്തിന്റെ ഇരയാണ് സുശാന്തെന്നും അതുകൊണ്ട് സിനിമാകുടുംബത്തില്‍ നിന്നുള്ളവരുടെ ചിത്രങ്ങള്‍ ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനം തുടങ്ങിയിട്ട് കാലങ്ങളായി.