ബീഹാർ:
ബിഹാര്‍ നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ആര്.ജെ.ഡി നേതാക്കളുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. റെയില്‍വേ ജോലിക്ക് ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ റെയ്ഡ്. യുപിഎ ഭരണത്തില്‍ ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്തെ അഴിമതിയിലാണ് പരിശോധന.
ആര്.ജെ.ഡി നേതാവും മുനിസിപ്പല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ സുനില്‍ സിങ്ങ്, ആര്.ജെ.ഡി രാജ്യസഭാ എം.പി അഹമ്മദ് അഷ്ഫാഖ് എന്നിവരുടെ വീട്ടിലാണ് രാവിലെ സിബിഐ എത്തി റെയ്ഡ് തുടങ്ങിയത്. റെയ്ഡ് പ്രത്യേക ലക്ഷ്യം വെച്ചുള്ളതാണെന്നും ബി.ജെ.പിയുടെ ഭയമാണ് ഇതിന് പിന്നിലെന്നും സുനില്‍ സിങ്ങ് പ്രതികരിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പിനെ നേരിടുകയാണ്. ഒപ്പം ദ്വിദിന പ്രത്യേക സമ്മേളനവും ആരംഭിക്കാനിരിക്കെയാണ് റെയ്ഡ്. ഈ വര്‍ഷം മേയില്‍ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ്, ഭാര്യ റാബ്റി ദേവി, രണ്ട് പെണ്മക്കള്, മറ്റ് 12 പേര് എന്നിവര്‍ക്കെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.