തിരുവനന്തപുരം: ലിംഗസമത്വ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച കരട് സമീപന രേഖയിലെ ചോദ്യം സർക്കാർ മാറ്റി. ക്ലാസ്സുകളില്‍ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യം തിരുത്തി. ‘ഇരിപ്പിടം’ എന്ന വാക്ക് നീക്കം ചെയ്യുകയും ‘സ്കൂൾ അന്തരീക്ഷം’ എന്ന വാക്ക് ഉൾപ്പെടുത്തുകയും ചെയ്തു. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കായി പുറത്തിറക്കിയ കരട് സമീപന രേഖയിലാണ് മാറ്റം വരുത്തിയത്.
കരിക്കുലം പരിഷ്കരണങ്ങളെക്കുറിച്ചുള്ള സമൂഹ ചർച്ചയ്ക്കായി കരട് സമീപന രേഖ എസ്.സി.ആർ.ടി പുറത്തിറക്കി. ഇതിലാണ് ക്ലാസ്സുകളില്‍ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങള്‍ ഒരുക്കേണ്ടതിനെ കുറിച്ചുള്ള ചോദ്യമുള്ളത്. ഇതിന് പിന്നാലെയാണ് ചോദ്യത്തില്‍ തിരുത്തല്‍ വരുത്തിയത്.