ബിഹാർ: ബിഹാറിലെ മിഥിലയിൽ കൃഷി ചെയ്യുന്ന താമരവിത്തിന് കേന്ദ്ര സർക്കാർ ഭൗമ സൂചികാ പദവി നൽകി. താമര വിത്ത് കർഷകർക്ക് സർക്കാരിന്റെ നീക്കം ഏറെ സഹായകരമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് പരമാവധി വില ലഭിക്കാൻ ഇത് സഹായകമാകും.
മിഥില മഖാനയ്ക്ക് ഭൗമ സൂചികാ പദവി നൽകിയതായി കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് ട്വീറ്റ് ചെയ്തത്. “മിഥില മഖാനയ്ക്ക് ഭൗമ സൂചികാ പദവി ലഭിച്ചു. ഇതിന്റെ ഗുണം കർഷകർക്ക് ലഭിക്കും. അവരുടെ വരുമാനം വർദ്ധിക്കും. ഉത്സവ സീസണിൽ മിഥില മഖാനയ്ക്ക് ഭൗമ സൂചികാ പദവി ലഭിച്ചതോടെ, ബീഹാറിന് പുറത്തുള്ളവർക്കും ഈ പുണ്യമായ ഉൽപ്പന്നം ആദരവോടെ ഉപയോഗിക്കുന്നതിനുളള അവസരമാണ് ലഭിക്കുന്നത്,” ഗോയൽ ട്വീറ്റ് ചെയ്തു.
ഭൗമ സൂചികാ പദവിയുള്ള ഒരു ഉൽപ്പന്നം അതേ പേരിൽ മറ്റൊരു വ്യക്തിക്കോ സ്ഥാപനത്തിനോ നിർമ്മിക്കാൻ കഴിയില്ല. 10 വർഷമാണ് ഈ പദവിയുടെ കാലാവധി. ഇതിനുപുറമെ, നിയമ പരിരക്ഷ, അനധികൃത ഉപയോഗം തടയൽ, കയറ്റുമതി പ്രോത്സാഹിപ്പിക്കൽ എന്നിവയും ഭൗമ സൂചികാ പദവി നേടിയ ഉൽപ്പന്നത്തിന് ലഭിക്കും.